Kerala
ആലുവ: വന്ദേഭാരത് എക്സ്പ്രസിനു നേരെ ആലുവയ്ക്കും അങ്കമാലിയ്ക്കും ഇടയിൽ കല്ലേറ്. കല്ലേറിൽ ട്രെയിനിന്റെ ഒമ്പതാമത്തെ കോച്ചിലെ ചില്ലിന് കേടുപാടുകൾ സംഭവിച്ചു. യാത്രക്കാർക്ക് പരിക്കില്ല.
ശനിയാഴ്ച രാത്രി എട്ടിനും ഒന്‍പതിനും ഇടയിൽ തിരുവനന്തപുരത്തുനിന്ന് കാസർഗോട്ടേക്ക് പോകുകയായിരുന്ന ട്രെയിനിന് നേരെയായിരുന്നു അക്രമം.
സംഭവത്തെ തുടർന്ന് റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികളെ തിരിച്ചറിയുന്നതിനായി അങ്കമാലി- ആലുവ മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
Kerala
പരവൂർ: രാജ്യത്ത് വരും മാസങ്ങളിൽ കൂടുതൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കാൻ റെയിൽവേ മന്ത്രാലയ തീരുമാനം. ഇതിന്റെ ഭാഗമായി 24 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകളാണ് ഇനി നിർമിക്കുക. ഇത്തരത്തിലുള്ള 50 റേക്കുകൾ ചെന്നൈ പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ചെന്നൈ ഐസിഎഫിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുമുണ്ട്.ഇപ്പോൾ രാജ്യത്ത് സർവീസ് ആരംഭിച്ചത് 16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനാണ്. ഈ സെമി ഹൈസ്പീഡ് ട്രെയിനിൽ 11 തേർഡ് ഏസി, നാല് സെക്കന്‍ഡ് ഏസി, ഒരു ഫസ്റ്റ് ക്ലാസ് ഏസി കോച്ചുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഐസിഎഫിൽ രൂപകൽപ്പന ചെയ്ത് ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിൽ നിർമിച്ച ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഹൗറയ്ക്കും കാമാഖ്യക്കും മധ്യേയുള്ള റൂട്ടിലാണ് സർവീസ് നടത്തുന്നത്. ഇതിനു ലഭിച്ച വൻ സ്വീകാര്യതയാണ് 24 കോച്ചുകളുള്ള വന്ദേ സ്ലീപ്പർ ട്രെയിനുകൾ എത്രയും വേഗം നിർമിച്ച് ട്രാക്കിലിറക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്.
ഇതു കൂടാതെ ചെന്നൈ ഐസിഎഫിൽ മുംബൈയിലെ സബർബൻ റെയിൽവേക്ക് വേണ്ടി 15 കോച്ചുകളുള്ള ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് ട്രെയിനുകളും നിർമിക്കുമെന്നും അധികൃതർ പറഞ്ഞു. അമൃത് ഭാരത് ട്രെയിനുള്ളുടെ മൂന്നാംപതിപ്പിന്റെ നിർമാണ പ്രവർത്തങ്ങൾക്ക് മുന്നോടിയായുള്ള പ്രാരംഭ നടപടികളും ഐസിഎഫിൽ ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: 960 രൂപയുണ്ടെങ്കിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ യാത്ര ചെയ്യാം. തേർഡ് എസി കോച്ചിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് 960 രൂപ.
400 കിലോമീറ്റർ വരെയുള്ള യാത്രാദൂരം കണക്കാക്കിയാണ് ഏറ്റവും കുറഞ്ഞ നിരക്ക് റെയിൽവേ നിജപ്പെടുത്തിയിരിക്കുന്നത്. 400 കിലോമീറ്റർ വരെയുള്ള യാത്രകൾക്കു തേർഡ് എസിയിൽ 960 രൂപയും സെക്കൻഡ് എസിയിൽ 1240 രൂപയും ഫസ്റ്റ് എസിയിൽ 1520 രൂപയുമാണ്.
400 കിലോമീറ്റർ താഴെ യാത്ര ചെയ്യുന്നവരും മിനിമം നിരക്ക് നൽകണം. അതായത് തിരുവനന്തപുരത്തുനിന്ന് ടിക്കറ്റെടുത്ത് കോട്ടയത്തേക്കു യാത്ര ചെയ്യുന്നവരും കോഴിക്കോട്ടേക്കു യാത്ര ചെയ്യുന്നവരും തേർഡ് എസിയിൽ 960 രൂപ നൽകണം. 400 കിലോമീറ്ററിനു മുകളിലുള്ള ഓരോ കിലോമീറ്ററിനും നാല് രൂപയോളം യാത്രക്കാരനിൽനിന്ന് ഈടാക്കും.
സീറ്റ് ഉറപ്പായ ടിക്കറ്റുള്ള യാത്രക്കാർക്കു മാത്രമേ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ യാത്ര ചെയ്യാൻ സാധിക്കൂ. ആർഎസി, വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾക്ക് യാതൊരു സൗകര്യവും ഉണ്ടായിരിക്കില്ല. റെയിൽവേ ജീവനക്കാർക്കുള്ള ഡ്യൂട്ടി പാസുകൾക്കുള്ള യോഗ്യത രാജധാനി പോലുള്ള ട്രെയിനുകളിലേതിനു തുല്യമായിരിക്കും.
എല്ലാ ടിക്കറ്റുകളും ഡിജിറ്റലായി വാങ്ങണം. 60 വയസും അതിൽ കൂടുതലും പ്രായമുള്ള പുരുഷയാത്രക്കാർക്കും 45 വയസും അതിൽ കൂടുതലും പ്രായമുള്ള സ്ത്രീയാത്രക്കാർക്കും ലോവർ ബർത്തുകൾ അനുവദിക്കുന്നതിന് റിസർവേഷൻ സംവിധാനം ഉറപ്പാക്കുമെന്നും റെയിൽവേ അറിയിച്ചു.
ആസാമലെ ഗോഹട്ടി-പശ്ചിമബംഗാളിലെ ഹൗറ റൂട്ടിൽ രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ഓടിത്തുടങ്ങാനിരിക്കെയാണു റെയിൽവേയുടെ നിരക്ക് പ്രഖ്യാപനം.
Kerala
തിരുവനന്തപുരം∙ കാസർഗോഡ്–തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ വർക്കലയ്ക്കടുത്ത് അകത്തുമുറിയിൽ ഓട്ടോയിൽ ഇടിച്ചു.
ഓട്ടോ ട്രാക്കിലേക്ക് കയറിയത് എങ്ങനെയെന്ന് വ്യക്തമല്ല. ഓട്ടോയിലുണ്ടായിരുന്ന ആൾ ഓടിമാറി. ഇയാളെ കണ്ടെത്താനായിട്ടില്ല.
ഇയാൾക്ക് പരിക്കേറ്റോ എന്നു വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും റെയിൽവേ അധികൃതർ പറഞ്ഞു.
Kerala
പരവൂർ: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ഏക വന്ദേഭാരത് എക്സ്പ്രസിൽ അടുത്ത ഒന്നര മാസത്തേക്കു ടിക്കറ്റ് കിട്ടാനില്ല. ഡിസംബർ ആരംഭിച്ചപ്പോൾ തന്നെ കെഎസ്ആർ ബംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിലെ ക്രിസ്മസ് ദിനവും കഴിഞ്ഞുള്ള ടിക്കറ്റ് ബുക്കിംഗ് പൂർണമായും പൂർത്തിയായി.
ക്രിസ്മസിന് മൂന്ന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ടിക്കറ്റ് തീർന്നതിനാൽ നിലവിലെ എട്ട് കോച്ച് 16 അല്ലെങ്കിൽ 20 കോച്ചുകൾ ആക്കണമെന്ന ആവശ്യം ശക്തമായി. വെയ്റ്റ് ലിസ്റ്റ് പരിധി പിന്നിട്ടതോടെ 20 മുതൽ 25 വരയുള്ള ദിവസങ്ങളിൽ ടിക്കറ്റെടുക്കാനാകില്ല. 20 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ചെയർകാറിലെ വെയ്റ്റ് ലിസ്റ്റ് നൂറ് കടന്നു.
എറണാകുളത്ത് നിന്നുള്ള മടക്ക സർവീസിൽ 28 മുതൽ ജനുവരി 10 വരെയുള്ള ദിവസങ്ങളിലെ ബുക്കിഗും പൂർത്തിയായി. കഴിഞ്ഞ മാസം 11ന് സ്ഥിരം സർവീസ് ആരംഭിച്ച ബെംഗളൂരു-എറണാകുളം വന്ദേഭാരതിൽ ആദ്യദിനം മുതൽ ഇരുവശങ്ങളിലേക്കുമുള്ള ടിക്കറ്റുകൾ മുഴുവൻ വിറ്റു തീർന്നിരുന്നു.
കെഎസ്ആർ ബെംഗളൂരു-വന്ദേഭാരത് എക്സ്പ്രസ് (26651) പുലർച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50നു എറണാകുളം ജംഗ്ഷനിലെത്തും. എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഉച്ചകഴിഞ്ഞ് (26652) 2.20ന് പുറപ്പെട്ട് രാത്രി 11ന് ബംഗളൂരുവിലെത്തും. ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്.
ഒറ്റ റേക്ക് മാത്രം ഉപയോഗിച്ചാണ് സർവീസ് നടത്തുന്നത്. ഏഴ് ചെയർകാറും ഒരു എക്സിക്യുട്ടീവ് ചെയർകാറും ഉൾപ്പെടെയുള്ള വന്ദേഭാരതിൽ 600 പേർക്കേ യാത്ര ചെയ്യാൻ അവസരമുള്ളൂ. 16 കോച്ചുകളായി കൂട്ടിയാൽ ഒരു വശത്തേക്ക് 1,200 പേർക്ക് യാത്ര ചെയ്യാം. ദക്ഷിണ-പശ്ചിമ റെയിൽവേയുടെ നിയന്ത്രണത്തിലുള്ള വന്ദേഭാരത് എക്സ്പ്രസുകളിൽ വരുമാനത്തിലും ഈ ട്രെയിൻ മുന്നിലാണ്.
വന്ദേ ഭാരതിൽ ടിക്കറ്റുകൾ ഇല്ലാതായതോടെ വിമാന ടിക്കറ്റുകൾക്ക് പിന്നാലെയാണ് യാത്രക്കാർ. ക്രിസ്മസ്, പുതുവർഷ അവധി തിരക്കിനെത്തുടർന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് ചാർജും കുതിച്ചുയരുകയാണ്. ഡിസംബർ 20 മുതൽ ജനുവരി ആദ്യവാരം വരെ ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് 15,000-19,000 രൂപവരെയും തിരുവനന്തപുരത്തേക്ക് 11,000-18,000 രൂപയും കോഴിക്കോട്ടേക്ക് 11,000-16,000 രൂപയും കണ്ണൂരിലേക്ക് 10,000-1,2000 രൂപയുമാണ് വിമാന നിരക്ക്. ഇത് ഇനിയും വർധിക്കാൻ ഇടയുണ്ട്.
സ്വകാര്യ ടൂറിസ്റ്റ് ബസ് ഓപ്പറ്റേർമാരും അവസരം മുതലെടുത്ത് ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്. ബംഗളുരൂ-എറണാകുളം അല്ലെങ്കിൽ തിരുവനന്തപുരം റൂട്ടിൽ കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ സ്പെഷലായി ഓടിച്ചാൽ ഇപ്പോഴത്തെ യാത്രാ ദുരിതത്തിന് ഒരുപരിധി വരെ പരിഹാരിക്കാനാകുമെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്.
Kerala
കൊല്ലം: വന്ദേഭാരത് ട്രെയിനിന് നേരേ കല്ലെറിഞ്ഞ കേസിൽ ഒരാളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ അഞ്ചിന് ചിന്നക്കട റെയിൽവേ ഓവർബ്രിഡ്ജിനു സമീപത്തുവച്ചുണ്ടായ സംഭവത്തിൽ പ്രാക്കുളം പണ്ടാരഴികത്ത് സുനിൽ (38) നെയാണ് അറസ്റ്റ് ചെയ്തത്.
കല്ലേറിൽ കാസർഗോഡ് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ സി ഒന്ന് കോച്ചിന്റെ ചില്ലുപൊട്ടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുനിലിനെ കസ്റ്റഡിയിലെടുത്തത്.
പ്രതി കുറ്റം സമ്മതിച്ചെന്ന് അധികൃതർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. ബുധന്‍ ഒഴികെയുള്ള ദിവസങ്ങളിലാണു സര്‍വീസ്. എട്ടു കോച്ചുകളുള്ള ട്രെയിനില്‍ ഏഴ് ചെയര്‍കാറുകള്‍, ഒരു എക്സിക്യൂട്ടീവ് ചെയര്‍കാര്‍ എന്നിവയിലായി 600 പേര്‍ക്കു യാത്ര ചെയ്യാം.
എറണാകുളം - ബംഗളുരു എക്സ്പ്രസ് തൃശൂർ, പാലക്കാട്, കോയമ്പത്തൂര്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്. എറണാകുളത്തിനും ബംഗളൂരുവിനും ഇടയിലുള്ള യാത്രയില്‍ കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിങ്ങനെ ഏഴ് സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റേപ്പ് ഉള്ളത്.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫ്രൻസിലൂടെ വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്.
ഒരാഴ്ചത്തെ ടിക്കറ്റ് തീര്‍ന്നു
സർവീസ് തുടങ്ങുന്നതിന് മുൻപ് തന്നെ ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണ്. എക്സിക്യൂട്ടീവ് ക്ലാസില്‍ അടുത്ത ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ ഏതാണ്ട് പൂര്‍ണമായും വിറ്റുതീര്‍ന്നു.
ഈ ദിവസങ്ങളില്‍ എസി ചെയര്‍കാറില്‍ ഏതാനും ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകളും വിറ്റുതീര്‍ന്നിട്ടുണ്ട്. 11, 16,17 തിയതികളില്‍ ടിക്കറ്റില്ല. എറണാകുളത്ത് നിന്നുള്ള മടക്ക സര്‍വീസിന്റെ ടിക്കറ്റുകളാണ് വേഗത്തില്‍ വിറ്റുതീര്‍ന്നത്.
എസി ചെയര്‍ കാറിന് 1,095 രൂപ വരെയും എക്സിക്യൂട്ടീവ് ചെയര്‍ കാറിന് 2,280 രൂപ വരെയും ആയിരിക്കും ടിക്കറ്റ് നിരക്ക്.
Kerala
തിരുവനന്തപുരം: എറണാകുളം - ബംഗളൂരു വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
അപരമത വിദ്വേഷവും വർഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആർഎസ്എസിന്റെ ഗാനം സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ്. റെയിൽവേയെ പോലും തങ്ങളുടെ വർഗീയ രാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാർ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.
ദേശഭക്തി ഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ദക്ഷിണ റെയിൽവേ സ്വയം പരിഹാസ്യരാവുന്നതിനൊപ്പം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുക കൂടിയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തലാണ് വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങിൽ കണ്ടത്.
ഇതിനു പിന്നിൽ പ്രവർത്തിച്ചത് മതനിരപേക്ഷതയെ തകർക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സങ്കുചിത രാഷ്ട്രീയ മനസാണ്. ഇതു തിരിച്ചറിഞ്ഞുകൊണ്ട് മുഴുവൻ ജനങ്ങളുടേയും പ്രതിഷേധമുയരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
വടകര: വന്ദേഭാരത് എക്സ്പ്രസിനു മുമ്പില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിനെ പോലീസ് രക്ഷപ്പെടുത്തി. ട്രാക്കില്‍ മുഖംതാഴ്ത്തി ഇരിക്കുകയായിരുന്ന യുവാവിനെ കണ്ട്രോള് റൂം പോലീസ് രക്ഷപ്പെടുത്തി മിനിറ്റുകള്‍ക്കകം ട്രാക്കിലൂടെ വന്ദേഭാരത് ചീറിപ്പാഞ്ഞു കടന്നുപോയി. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. യുവാവിനെ വടകര ഭാഗത്ത് റെയില്‍വേ ട്രാക്കില്‍ സംശയാസ്പദമായി കണ്ടതായി കണ്ട്രോള് റൂമില്‍ ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. കണ്ട്രോള് റൂമിലെ പോലീസ് റെയില്‍വേ പോലീസിനെ വിവരം അറിയിച്ചു. റെയില്‍വേ പോലീസ് അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
തുടർന്ന് കണ്ട്രോള് റൂമിലെ പോലീസുകാര്‍ വാഹനവുമായി വടകര ഭാഗത്ത് പരിശോധന നടത്തുകയായിരുന്നു.
Kerala
കൊല്ലം: ബംഗളുരു-എറണാകുളം റൂട്ടിൽ ഉടൻ സർവീസ് ആരംഭിക്കുന്ന പുതിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമവും സ്റ്റോപ്പുകളും സംബന്ധിച്ച് തീരുമാനമായി. ഉദ്ഘാടന തീയതി പിന്നീട് പ്രഖ്യാപിക്കും.
ട്രെയിൻ നമ്പർ 22651 കെഎസ്ആർ എറണാകുളം വന്ദേഭാരത് രാവിലെ 5.10ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്ത് എത്തും. ട്രെയിൻ നമ്പർ 22652 എറണാകുളം കെഎസ്ആർ ബംഗളൂരു സർവീസ് ഉച്ചകഴിഞ്ഞ് 2.30ന് എറണാകുളം ജംഗ്ഷനിൽനിന്ന് പുറപ്പെട്ട് അന്ന് രാത്രി 11ന് ബംഗളൂരുവിൽ എത്തും.
പുതിയ സർവീസ് എട്ടുമണിക്കൂർ 40 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. ബുധനാഴ്ച സർവീസ് ഉണ്ടായിരിക്കില്ല. കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ നിശ്ചയിച്ചിട്ടുള്ളത്.
Kerala
പരവൂർ: കേരളത്തിന് മറ്റൊരു വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ കൂടി ലഭിക്കാൻ സാധ്യത. ഗോവ-മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടാനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം.
സർവീസ് ദീർഘിപ്പിക്കുന്നത് സംബന്ധിച്ച് റെയിൽവേ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം വരേണ്ടത് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നാണ്. ഏറെ താമസിയാതെ ഇക്കാര്യത്തിൽ പ്രഖ്യാപനം വരുമെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന വിവരം.
സർവീസ് ദീർഘിപ്പിച്ചാൽ വടക്കൻ കേരളത്തിൽ നിന്നുള്ളവർക്ക് ഗോവയിൽ എത്താൻ ഏറെ പ്രയോജനം ചെയ്യും. മാത്രമല്ല ഗോവയിലെ മലയാളി സമൂഹത്തിനും വേഗം കേരളത്തിലെത്താനും ഈ സർവീസ് വഴി സാധിക്കും.
ഗോവ-മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (20645) ഗോവയിലെ മഡ്ഗാവിൽ നിന്ന് 437 കിലോമീറ്റർ 4.35 മണിക്കൂർ എടുത്താണ് മംഗളൂരു സെൻട്രലിൽ എത്തുന്നത്. ഗോവയിൽനിന്ന് വൈകുന്നേരം 6.10ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10.45നാണ് മംഗളൂരുവിൽ എത്തുന്നത്. കാർവാർ, ഉഡുപ്പി എന്നീ രണ്ട് സ്റ്റോപ്പുകൾ. ആഴ്ചയിൽ ആറ് ദിവസമാണ് സർവീസ്.
NRI
തിരുവനന്തപുരം: കേരളത്തിന് മൂന്നാം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ച് റെയിൽവേ. എറണാകുളത്ത് നിന്ന് തൃശൂർ, പാലക്കാട് വഴി ബംഗളൂരുവിനും തിരികെയുമാണ് പുതിയ സർവീസ്.
നവംബർ മധ്യവാരത്തോടെ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സർവീസ് ആരംഭിക്കുന്ന വിവരം അശ്വിനി വൈഷ്ണവ് എക്സിൽ കുറിച്ചിട്ടുമുണ്ട്.
ഐടി മേഖലയിൽ അടക്കം ആയിരക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന നഗരമാണ് ബംഗളൂരു. അവിടേക്ക് കേരളത്തിൽ നിന്ന് കൂടുതൽ ട്രെയിനുകൾ ആരംഭിക്കണമെന്ന് ഒരു മാസം മുമ്പ് മന്ത്രിയെ നേരിൽ കണ്ട് രാജീവ് ചന്ദ്രശേഖർ അഭ്യർഥന നടത്തിയിരുന്നു.
ഉടൻ തന്നെ അനുകൂല തീരുമാനം ഉണ്ടായതിൽ അദ്ദേഹം മന്ത്രിക്ക് നന്ദിയും അറിയിച്ചു. നിലവിൽ ഉത്സവ സീസണിലും വിശേഷ ദിവസങ്ങളും ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് എറണാകുളം - ബംഗളൂരു റൂട്ടിലാണ്.
മാത്രമല്ല മറ്റ് ഗതാഗത മാർഗങ്ങൾ തേടുന്നവർക്ക് അമിതമായ യാത്രാക്കൂലിയും നൽകേണ്ടി വരുന്നു. പുതിയ വന്ദേ ഭാരത് സർവീപ് ബംഗളൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം : കേരളത്തിന് പുതിയ വന്ദേ ഭാരത് ട്രെയിൻ അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നവംബർ പകുതിയോടെ ട്രെയിൻ സർവീസ് തുടങ്ങുമെന്ന് റെയിൽവേ മന്ത്രി അറിയിച്ചതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എറണാകുളത്ത് നിന്ന് തൃശൂർ, പാലക്കാട്, വഴി ബംഗളൂരുവിലേക്കാണ് ട്രെയിൻ സർവീസ് നടത്തുക.സർവീസ് അനുവദിച്ച കേന്ദ്ര സർക്കാരിന് രാജീവ് നന്ദി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് രാജീവ് ഇക്കാര്യം അറിയിച്ചത്.
ഐടി മേഖലയിലടക്കം ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്ന നഗരമാണ് ബംഗളൂരു. അവിടേയ്ക്ക് കേരളത്തിൽ നിന്നും കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നത് വളരെ നാളായുള്ള ആവശ്യമാണ്. ഇക്കാര്യം ഒരു മാസം മുൻപ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഉടൻ തന്നെ അനുകൂല തീരുമാനം ഉണ്ടായതിന് അദ്ദേഹത്തിന് നന്ദി അറിയിക്കുന്നുവെന്നും രാജീവ് ഫേസ്ബുക്കിൽ കുറിച്ചു.
നവംബർ പകുതിയോടെ ഈ ട്രെയിൻ സർവീസ് തുടങ്ങുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ഉൽസവ സീസണിലും വിശേഷ ദിവസങ്ങളിലും ഈ റൂട്ടിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മാത്രമല്ല, മറ്റ് ഗതാഗത മാർഗങ്ങൾ തേടുന്നവർക്ക് അമിത യാത്രാക്കൂലിയും നൽകേണ്ടി വരുന്നുണ്ട്.
പുതിയ വന്ദേഭാരത് സർവീസ് ബംഗളൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാകും. കേരളത്തിന്റെ സമഗ്ര വികസനം മുന്നിൽക്കണ്ട് അനുകൂല തീരുമാനങ്ങളെടുക്കുന്ന കേന്ദ്ര സർക്കാരിന് ഒരിക്കൽ കൂടി നന്ദി പറയുന്നുവെന്നും രാജീവ് കൂട്ടിച്ചേർത്തു.